തൃശൂർ: പുലിക്കളിക്കെതിരായ നടൻ വി.കെ.ശ്രീരാമന്റെ പരാമർശം വിവാദത്തിൽ. പുലിക്കളി കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതമാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചതിനെതിരെ വ്യാപക വിമർശനം ഉയരുകയാണ്. കലാപരമായ ആവശ്യത്തിനായി ശരീരത്തിലെ രൂപവൈകൃതത്തെ ഉപയോഗിക്കുന്നത് ആഭാസമാണെന്നും അദ്ദേഹത്തിന്റെ കുറിപ്പിൽ പറയുന്നു.
പുരുഷന്മാരുടെ മാറും വയറും വളരുന്നത് രൂപവൈകൃതമാണ്. അതിനെ കലയ്ക്കായി ഉപയോഗിക്കുന്നത് ശരിയല്ലെന്നുമായിരുന്നു ശ്രീരാമന്റെ പരാമർശം. ലോകത്ത് ഇതുപോലൊരു കലാവൈകൃതം മറ്റൊരിടത്തുമില്ലെന്നും അദ്ദേഹം കുറിച്ചു. പുലിക്കളിയെ കുംഭകുലുക്കിക്കളിയെന്നും അദ്ദേഹം പറയുന്നു.
ഈ കളിയെ ശാർദൂലവിക്രീഡിതം എന്നാണ് പറയുന്നതെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു. അതേസമയം ശ്രീരാമന്റെ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പുലിക്കളി സംഘങ്ങളും രംഗത്തെത്തിയിട്ടുണ്ട്. തൃശൂരിന്റെ സാംസ്കാരിക പാരമ്പര്യത്തിന്റെ ഭാഗമായ പുലിക്കളിയെ അപമാനിക്കുന്നതാണ് പരാമർശങ്ങളെന്നാണ് ഉയരുന്ന വിമർശനം.